പ്രായം…. ആകുന്നേയില്ല..

നാലഞ്ചു്‌ ആഴ്ചകള്‍ക്കു മുന്‍പ് ഞാന്‍ അമ്മയോടു പറഞ്ഞു.. എനിക്കിപ്പോഴും പണ്ടത്തെ 17 വയസ്സുകാരന്റെ പോലെ തോന്നുന്നു എന്നു്‌.

ഓഫീസില്‍ ഞാനിപ്പോഴും ഇടനാഴിയിലൂടെ പാട്ട് പാടി നടക്കും…

ചിലപ്പോള്‍ ഓടും… ഉയരത്തില്‍ ചാടി വായുവില്‍ രണ്ടു കാലുകളും മുട്ടിക്കും… [സിനിമാസ്റ്റയില്‍]

കയ്യിലുള്ള കപ്പു്‌ മുകളിലേക്കു്‌ ഇട്ടു പിടിക്കും (ഇടക്കതു്‌ താഴെ വീഴും.. ഭാഗ്യത്തിനു്‌ പൊട്ടിയിട്ടില്ല ഇതു വരെ… – കാരണം ഞാന്‍ വീഴ്ചയെ കാലുകൊണ്ട് തടയും..)

മുമ്പൊക്കെ മറ്റു മുറികളില്‍ ഇരിക്കുന്നവര്‍ നോക്കുമായിരുന്നു.. ആരെടാ ഇവിടെ ഓടുന്നതു്‌.. ചാടുന്നതു്‌.. പാടുന്നതു്‌? ഇപ്പോ ഒന്നു-രണ്ടു വര്‍ഷങ്ങളായില്ലേ .. അവര്‍ക്കു മനസ്സിലായി… ഈ പയ്യനു ചെറിയ കിറുക്കുണ്ടെന്നു്‌.

പുറത്തു്‌ മഴ പെയ്യുമ്പോള്‍ കൊള്ളാന്‍ പോകും…

കാറ്റു്‌ ആഞ്ഞടിക്കുമ്പോള്‍ കാറ്റിനു നേരേ തിരിഞ്ഞുനിന്നു ടൈറ്റാനികിലേപ്പോലെ നില്‍ക്കും… കാണുന്നവര്‍ കരുതുന്നുണ്ടാവും ഇവനെന്താ കാറ്റും മഴയും ഇതുവരെ കണ്ടിട്ടില്ലേ എന്നു്‌.

അവര്‍ക്കുള്ള മറുപടി ഇതാണു്‌ — ആയിരം കോടി പ്രാവശ്യം കഴിഞ്ഞാലും എനിക്കു്‌ ആ പുതുമ നഷ്ടപ്പെടില്ല… — ആ സുഖം പറഞ്ഞറിയിക്കാനും പറ്റില്ല…
നിങ്ങള്‍ക്കു്‌ നഷ്ടപ്പെടുന്നതെന്തെന്നു്‌ നിങ്ങള്‍ അറിയുന്നില്ല കുഞ്ഞാടുകളേ…!

ഇതു തന്നെയാണു്‌ എനിക്കു വേണമായിരുന്നതും… – ഒരിക്കലും എന്റെ പക്വത (അങ്ങനെ ഒന്നുണ്ടെങ്കില്‍..!?) എന്റെ പ്രസരിപ്പിനെ ഇല്ലാതാക്കരുത്. പ്രായം ഒരിക്കലും ഉള്ളിലെ കുട്ടിയെ ഇല്ലാതാക്കരുതു്‌.

എനിക്കറിയാമായിരുന്നു.. 22-25 വരെയുള്ള സമയത്താണു്‌ എല്ലാരും ഒന്നു "ഒതുങ്ങുന്നതു്‌" ..  (mellowing down)
ഞാന്‍ അതിസുന്ദരമായി, യാതൊരു പ്രശ്നങ്ങളും ഇല്ലാതെ, ആ കാലത്തിലൂടെ കടന്നു പോന്നു …(cake walk)
ഇനിയൊരിക്കലും എന്റെ മനസ്സിനു പ്രായമാകില്ല എന്നുള്ള ഉറപ്പും ആയി…

അതൊക്കെ പോട്ടെ … ഞാനും പോകുന്നു നാട്ടിലേക്കു്‌ – വിഷുവിനു്‌! .. അഞ്ചു വര്‍ഷങ്ങളായി… വിഷുവിനു്‌ വീട്ടില്‍ ഉണ്ടായിട്ടു്‌.

കരിങ്കല്ലായ ഈ ഞാന്‍ പോലും ദിനങ്ങളെണ്ണാന്‍ തുടങ്ങിയിരിക്കുന്നു…

പ്രായമാകില്ല!!

ചിത്രം: കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എടുത്തതു്‌. മനക്കലെ പറമ്പിലേക്കു്‌ മതില്‍ ചാടിക്കടന്നു്‌ എടുത്തതു്‌.  :)

കരിങ്കല്ല്‌.

~

നീ മനോഹരി….

രാവിലെ 5നു്‌ എഴുന്നേറ്റു.. കുറച്ചുനേരം ഒരു കാര്യം ചെയ്തു. [പറയാന്‍ പറ്റില്ല - പിന്നീടൊരിക്കല്‍ പറയാം] :) 

ഇപ്പൊ ദാ 6 മണിയാകുന്നു. കിളികള്‍ പുറത്തു ബഹളം വെക്കുന്നു.. കുറച്ചുകൂടിക്കഴിയണം സൂര്യന്‍ ഉദിക്കാന്‍…

എന്നിട്ടു്‌ വേണം എനിക്കെന്റെ ബാല്‍ക്കണിയില്‍ ഒരഞ്ചുനിമിഷം പുറത്തേക്കു നോക്കി നില്‍ക്കാന്‍… ദാ ഈക്കാണുന്ന ചിത്രം എന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യമാണു്‌ (രാവിലത്തെ അല്ല, വൈകുന്നേരത്തെ ദൃശ്യം)

എന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യമാണു്‌

 

പിന്നെ ഞാന്‍ ഉഴുതിട്ട വയലുകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ കോളേജിലേക്കു്‌ പോകും… ചെലപ്പോള്‍ ഇന്നു ഞാന്‍ നടക്കും…, അല്ലെങ്കില്‍ സൈക്കിളില്‍ ഹാന്‍ഡില്‍ പിടിക്കാതെ പറക്കും… :)

ദാ പോകുന്ന വഴിയില്‍ ഉള്ളൊരു ദൃശ്യം…

 

ഉഴുതിട്ട വയലുകള്

 

ഉഴുതുമറിച്ചിട്ട ഈ പാടത്തൊക്കെ കുറച്ചു നാളുകള്‍ക്കുള്ളില്‍ പൂക്കാലം വരും.., കടുകുപൂക്കള്‍ മഞ്ഞപ്പരവതാനി വിരിക്കും

അങ്ങനെ 10-15 മിനുട്ടു്‌ നടന്നു്‌ ഞാന്‍ 7 മണിയോടെ അവിടെയെത്തും.. നല്ലൊരു ദിവസം തുടങ്ങാന്‍…

നിങ്ങള്‍ക്കും ആശംസിക്കട്ടെ ഞാന്‍ ഒരു ശുഭദിനം…

~

കരിങ്കല്ലു്‌.

അവിയേലും കൂട്ടിത്തുടങ്ങി…

പണ്ട്‌ നമ്പൂരി പറഞ്ഞപോലെയാണു്‌ എന്റെ കാര്യം…

BTech/MTech പഠിക്കുന്ന കാലത്ത് മുറിയിലെ അല‍ങ്കോലങ്ങള്‍ എനിക്കൊരു പ്രശ്നമേയല്ലായിരുന്നു.

പിന്നീട്, ആരെങ്കിലും കണ്ടാല്‍ നാണക്കേടല്ലേ എന്നു്‌ കരുതി, വിരുന്നുകാര്‍ വരുന്ന സമയങ്ങളില്‍ ഒന്നു്‌ ഒതുക്കി വെക്കുമായിരുന്നു..

കാലം പോകുന്ന പോക്കില്‍ എന്റെ സ്വഭാവവും ചീത്തയായിക്കൊണ്ടിരിക്കുന്നു.. ഇപ്പൊ ഞാന്‍ എനിക്കു വേണ്ടിത്തന്നെ മുറിയും വീടും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നു. എന്തു മാത്രം പണി ആണു്‌ അതു്‌ എന്നറിയോ? എന്നാലും… കടുകു്‌ പൂക്കള്‍

പഴയപോലെത്തന്നെ ആയിരുന്നാല്‍ മതിയായിരുന്നു. ഇതിപ്പൊ ബാച്ചിലേഴ്സിനു്‌ അപമാനമായി… 

കുട്ട്യോളു്‌ അവിയലും കൂട്ടിത്തുടങ്ങിയ കഥ പോലെയായി..!
‌_______________________________________

ഇന്നു്‌ നല്ല കാറ്റും മഴയും ആയിരുന്നു. മഴയൊക്കെ മാറിയപ്പോള്‍, ഞാന്‍ എന്റെ സൈക്കിളും എടുത്ത് ഇറങ്ങി… മഴവെള്ളത്തില്‍ കളിക്കാന്‍ – പണ്ട് പന്തല്ലൂര്‍ റോഡിലെ കൊച്ചുകൊച്ചു ചെളിവെള്ളക്കുളങ്ങളില്‍ കളിക്കാറുള്ളത് പോലെ…

നല്ല തണുപ്പായിരുന്നു – അതു മാത്രമായിരുന്നു ചെറിയൊരു പ്രശ്നം:  3-4 ഡിഗ്രി എന്നു പറഞ്ഞാല്‍ സാമാന്യം തണുപ്പു്‌ തന്നെയാണു്‌. പണ്ട് ഹാന്‍ഡിലില്‍ പിടിക്കാതെ സൈക്കിളോട്ടാന്‍ പഠിച്ചതു്‌ നന്നായി. [കടപ്പാടു്‌: നെല്ലായിയിലെ ചെത്ത് ചുള്ളന്മാരായ ചേട്ടന്മാര്‍ക്കു്‌]

നേരേയുള്ള വഴികളില്‍ കൈ രണ്ടും ജാക്കറ്റിന്റെ പോക്കറ്റില്‍ വെച്ചു്‌ ആഞ്ഞു്‌ ചവിട്ടി.

പിന്നെ, കുറേക്കാലമായി ഞാന്‍ അന്വേഷിച്ചു്‌ നടക്കുന്ന ഒരു ചെടിയും ഇന്നു്‌ കണ്ടുപിടിച്ചു – കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്നു – രാമതുളസി/കര്‍പ്പൂരതുളസി. ഞാന്‍ ഒരു കുഞ്ഞു ചെടിചട്ടി വാങ്ങി – 88 Cent, അത്ര കൂടുതലൊന്നുമല്ല.

ചിത്രത്തിലുള്ളത്‌ കടുകു്‌ പൂക്കള്‍ – ഒരു സുഹൃത്തിനു്‌ അയച്ചു്‌ കൊടുക്കാന്‍ വേണ്ടി വെച്ചതാണ്‌. ഇനി ഇപ്പൊ അദ്ദേഹം ഇവിടെ വരുമ്പോള്‍ കണ്ടോട്ടെ – എന്താ..?

നിങ്ങള്‍ക്കും കാണാന്‍ പറ്റിയല്ലൊ ഇപ്പോള്‍ അല്ലേ?

കരിങ്കല്ല് അഥവാ സന്ദീപ്‌

തലവരക്കെന്തു പറ്റി? തെളിഞ്ഞോ?

ലേശം കൂടുന്നുവോ എന്നു സംശയം… – എന്തു്‌?

പഞ്ചാരയടി…. അതും പ്രത്യേകിച്ചിപ്പൊ ജര്‍മ്മനും കൂടി അത്യാവശ്യം പറയാം എന്നുള്ള അവസ്ഥയും ആയല്ലോ!

ഈയടുത്തായി എത്രമാത്രം പെണ്‍കുട്ടികളെയാണ്‍ പരിചയപ്പെടുന്നത്…!  ഏന്റെ തലവരക്കെന്തു പറ്റി? പെട്ടെന്നങ്ങനെ തെളിഞ്ഞോ?

ഈവ്ലീന, കവിത, കരോലിന്‍, ജൂലിയ, പെരിങ്ങാവുകാരി… — പരിചയപ്പെട്ട അതേ ഓര്‍ഡറില്‍… (2 ജര്‍മ്മന്‍, 2 ഇന്ത്യന്‍ .. ഒരു പോളിഷ്‌.)

[ഒരാളൊഴികെ എല്ലാരും ഈ പരിസരത്തൊക്കെ ഉള്ളവര്‍ തന്നെ -- ആ ഒരാളാണെങ്കില്‍ ഇതു വായിക്കാനുള്ള സാധ്യതയും ഉണ്ട് - അതുകൊണ്ട്  തന്നെ പുള്ളിക്കാരീടെ പേരങ്ങ്‌ വിട്ടുകളഞ്ഞു]

തലവര തെളിഞ്ഞിരിക്കും അല്ലേ? :)

——-
അതൊക്കെ പോട്ടെ… ഈ പോസ്റ്റ് ഞാന്‍ എന്റെ മനസ്സില്‍ കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുവള്‍ക്കായി dedicate ചെയ്യുന്നു…

അവള്‍ സുന്ദരിയാണു്‌, നന്നായി സംസാരിക്കുന്നവള്‍… സദാ പുഞ്ചിരിക്കുന്നവള്‍… എനിക്കു്‌ പ്രേമിക്കാന്‍ തോന്നുന്നു….

പണ്ട്… 17-18 വയസ്സില്‍… .. മഴപെയ്യുമ്പോള്‍ ഞാന്‍ ഉമ്മറത്തെ ചാരുകസേരയിലിരുന്നു്‌ സ്വപ്നം കാണാറുണ്ട് – കനത്ത പ്രണയക്കിനാക്കള്‍….

2 ദിവസമായി ഇവിടെ മഴയും കാറ്റുമാണു്‌… പുതിയ താമസസ്ഥലത്ത് ജന്നലരികത്തിരുന്നു… വീണ്ടും സ്വപ്നങ്ങള്‍ നെയ്യുന്നുവോ എന്നൊരു സംശയം..

ആഞ്ജനേയാ എനിക്കു്‌ കണ്ട്രോള്‍ തരൂ….! ജര്‍മ്മന്‍ പഠിക്കാതെ തന്നെ ഇരുന്നാല്‍ മതിയായിരുന്നു…!

Encrypted: After all, my frontal-lobe dominates amygdala, so I am completely under control. :)