പേരറിയാത്തൊരു നൊമ്പരം… അതേ അതു തന്നെ! ;)

വസന്തം വരവായീവസന്തകാലം വന്നു കഴിഞ്ഞു… മനസ്സില്‍ പ്രണയം പൂക്കുന്ന കാലം …

പ്രണയത്തിനു് പൂക്കാന്‍ അങ്ങനെ പ്രത്യേകസമയം ഒന്നും വേണ്ട… എന്നാലും ഈ സമയത്തു് ഏതു കരിങ്കല്ലിനും ഹൃദയത്തില്‍ കുറച്ചൊക്കെ മൃദുലവികാരങ്ങള്‍ തളിര്‍ക്കും, മൊട്ടിടും. :)  

കഴിഞ്ഞ കൊല്ലവും ഇതേ സമയത്താണു പ്രണയം മൊട്ടിട്ടതും പിന്നെ ഏപ്രിലില്‍ കരിഞ്ഞുപോയതും ;)

 

വസന്തം വരവായീഇതാ വീണ്ടും എനിക്കു പ്രണയിക്കാന്‍ തോന്നുന്നു (മുട്ടുന്നു ;) ). ഇന്നു രാവിലെ അമ്മയോടു സൂചിപ്പിച്ചു എന്റെ തീവ്രാഭിലാഷം … ഭയങ്കര സീരിയസ് ആവാന്‍ ഉദ്ദേശ്യം ഇല്ലെങ്കില്‍ ഒരു ജര്‍മ്മന്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടോളൂ എന്നാണു അമ്മ പറഞ്ഞതു്.

അതെങ്ങനെ സാധിക്കും എന്നു മാത്രം എനിക്കറിയില്ല. പ്രേമിക്കാന്‍ തുടങ്ങുമ്പോള്‍ സീരിയസു് ആവരുതെന്നൊക്കെ വിചാരിച്ചു പ്രേമിക്കാന്‍ പറ്റുമോ? ഒന്നുകില്‍ പ്രേമിക്കാതെ കരക്കു് നില്‍ക്കണം അല്ലെങ്കില്‍ ശരിക്കും മുങ്ങാം കുഴിയിടണം … അല്ലാതെ എന്തു പ്രേമം? അല്ലേ?

നേരു പറഞ്ഞാല്‍ ഒരു കുട്ടിയെ എനിക്കിഷ്ടമാണു്…  ആ കുട്ടിക്കെന്നെയും.. ഞാനിങ്ങനെ കരക്കു് നില്‍ക്കുന്നു… എടുത്തുചാടണോ എന്നും ആലോചിച്ചു്. ചാടിയാല്‍ നല്ല പോലെ വെള്ളം കുടിക്കും.. അതുറപ്പാ…

വസന്തം വരവായീഒന്നങ്ങു ചാടി, ഇത്തിരി വെള്ളം കുടിച്ചാലോ? after all, പ്രേമിക്കാതെ ജീവിതത്തില്‍ എന്തു സുഖം അല്ലേ?

കാളിന്ദിച്ചേച്ചി പറയുന്നതും അതു തന്നെ.

ഒരു തമാശയറിയോ? എനിക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ല. ആരെങ്കിലും പറയുന്നതു് പറഞ്ഞു പാട്ടാക്കും എന്നല്ല പറഞ്ഞതു്, എന്റെ മനസ്സിലെ കാര്യങ്ങളൊന്നും തന്നെ ഒളിപ്പിച്ചു വെക്കാന്‍ എനിക്കൊരിക്കലും തോന്നാറില്ല. ആരെങ്കിലും എന്തെങ്കിലും ഒക്കെ ചിന്തിക്കുമോ എന്നുള്ള ഭയം ഇല്ലാത്തതായിരിക്കാം.

ഇതിപ്പൊ ഈയടുത്തു കല്യാണം കഴിഞ്ഞ ഒരു സുഹൃത്തു് പറഞ്ഞ പോലെയാവും. പുള്ളിക്കാരനു ആലോചന വരുന്നതു് മുഴുവന്‍ “കയ്യിലിരിപ്പിന്റെ” ഗുണം നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയുന്ന കാരണം മുടങ്ങിപ്പോയി. കുറച്ചു ബുദ്ധിമുട്ടി .. ഒരു കല്യാണം നടന്നു കിട്ടാന്‍.

ഇതൊക്കെ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടു് ഞാന്‍ ഒരു എടുക്കാച്ചരക്കായിപ്പോവുമോ എന്നൊരു ശങ്ക! :(

അതിനിടയില്‍ അനിയത്തിയുടെ ഉപദേശം ഉണ്ടായിരുന്നു. സഹബ്ലോഗ്ഗേഴ്സിനെ ആരെയെങ്കിലും വളച്ചെടുത്തോളൂ… എന്നു് – ചില ആളുകളെയും പറഞ്ഞു തന്നു. മലയാളി ആയിരിക്കും എന്നൊരു ഗുണവും ഉണ്ടല്ലോ അല്ലേ? :) {നാട്ടിലേക്കു് ടിക്കറ്റെടുത്ത് കളയാന്‍ കാശില്ല, ഇപ്പൊ പണിത്തിരക്കും ഉണ്ട് – സമയവും ഇല്ല}

നല്ല അമ്മയും അനിയത്തിയും അല്ലേ.. കിടിലന്‍ സപ്പോര്‍ട്ടല്ലേ! :)

അപ്പൊ അങ്ങനെ ആടിയാടി നില്‍ക്കുന്നു എന്റെ മനസ്സ്.  പാവം ഞാന്‍! ആറ്റിലേക്കച്യുതാ ചാടല്ലേ… എന്നും ചാടാതെ വയ്യ എന്നും. :)

അതൊക്കെ എന്തെങ്കിലും ആവട്ടെ… ഇടക്കുള്ള വട്ടാണതു്, മൈന്‍ഡ് ചെയ്യണ്ട.

* * * * *

എന്നും രാവിലെ ഞാന്‍ എഴുന്നേറ്റു് ചായ ഉണ്ടാക്കി എന്റെ ജന
ലോരത്തു് നിന്നു സൂര്യോദയം കാണും. അപൂര്‍വ്വം ചില ദിവസങ്ങളില്‍ ഒരു സഹബ്ലോഗ്ഗറുമായി ചാറ്റും… ദുബായില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗര്‍. അങ്ങനെ ഒരു ദിവസം രാവിലെ എടുത്ത ഫോട്ടോ ആണിതു്… സൂര്യോദയം എന്തു ഭംഗി അല്ലേ!സൂര്യോദയം

(രാവിലെ നേരത്തെ എഴുന്നേറ്റു, ചായ ഒക്കെ ഉണ്ടാക്കുന്ന ഒരു നല്ല പയ്യനാണെന്നു മനസ്സിലായല്ലോ അല്ലേ.. നോട്ട് ചെയ്തോളൂ)

അപ്പൊ ഇനി ഇന്നു ഞാന്‍ എഴുത്തുചുരുക്കുന്നു. വിശേഷങ്ങള്‍ ഒക്കെ ഞാന്‍ വിശദമായി ഒരിക്കല്‍ പറയാം! ;)

സ്നേഹാദരങ്ങളോടെ, ഞാന്‍.

PS: The pictures are all mine (copy right). Nobody may use them for any monetary benefit. (They are from 2008 spring).

വാടകക്കൊലയാളിയാണു് ഞാന്‍ ചക്കരേ

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഞാന്‍ ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു നഗരത്തില്‍ പോയിരുന്നു. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍.Mord_ist_mein_Geschft_Liebling_Poster_01

അവിടെ വെച്ചു് ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയി – ഒരു ജര്‍മ്മന്‍ സിനിമ. അതിന്റെ പേരാണു് പോസ്റ്റിന്റെ ടൈറ്റില്‍. വലിയ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു തമാശ സിനിമ. 

തമാശ മനസ്സിലാക്കാനാണു് ഭാഷാപാടവം ഏറ്റവും വേണ്ടതു് എന്നു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്റെ ഭാഷ നന്നായിരിക്കുന്നു. (അതോ ഇനി എനിക്കു് തമാശകള്‍ തെറ്റി മനസ്സിലായതോ!)

ഒരു പ്രശസ്തനായ എഴുത്തുകാരന്‍ – പുസ്തകങ്ങള്‍ക്കേ പ്രശസ്തിയുള്ളൂ.. എഴുത്തുകാരന്‍ ഒളിവിലാണ്. (കാരണം, അയാള്‍ എഴുതുന്നതൊക്കെ അധോലോകക്കഥകളാണു്.. അയാളെ കൊല്ലാന്‍ നടക്കുകയാണു് അധോലോകക്കാര്‍)

എഴുത്തുകാരനെ കൊല്ലാനായി പോകുന്ന വാടകക്കൊലയാളിയും, എഴുത്തുകാരനെ പുറം ലോകത്തിനു പരിചയപ്പെടുത്താനായി പ്രയത്നിക്കുന്ന സ്ത്രീയും ഏതാണ്ടൊരേ സമയത്ത് അയാളുടെ ഹോട്ടലില്‍ എത്തുന്നു. എഴുത്തുകാരനെ കൊന്നു പുറത്തേക്കെറിഞ്ഞുകൊണ്ടിരിക്കുന്ന കൊലയാളി വാതിലില്‍ അരോ മുട്ടുന്നതു് കേള്‍ക്കുന്നു.

കടന്നു വരുന്നതു് നായിക… കൊലയാളിയാണെന്നു പറഞ്ഞിട്ടും നായികക്കു് വിശ്വാസമാവുന്നില്ല. എഴുത്തുകാരന്റെ നുണയാണതെന്നു വിശ്വസിക്കുന്നു അവള്‍… 

എഴുത്തുകാരന്‍ മരിച്ചിട്ടില്ല എന്നു വിചാരിച്ചു്, കൊലയാളിയെ എഴുത്തുകാരനെന്നു വിശ്വസിച്ചു് വേട്ടയാടുന്ന അധോലോകം…

ഇതൊക്കെ നല്ല നര്‍മ്മം ചേര്‍ത്തവതരിപ്പിച്ചിരിക്കുന്നു സിനിമയില്‍. മലയാളത്തിലേക്കൊക്കെ മൊഴിമാറ്റം നടത്താവുന്ന സിനിമയാണു്.

ഞാന്‍ 2-3 ജര്‍മ്മന്‍ സിനിമകള്‍ മുമ്പും കണ്ടിട്ടുണ്ട്.. ഇതു വരെ കണ്ട ജര്‍മ്മന്‍ സിനിമകള്‍ ഒക്കെ നല്ലതായിരുന്നു. ചിലതിന്റെ ഒന്നും പേരുകള്‍ പോലും എനിക്കു തര്‍ജ്ജമ ചെയ്യാന്‍ wfsilt സാധിക്കുന്നില്ല. “ആദ്യം മരിക്കുന്ന ആള്‍ ദീര്‍ഘകാലം മരിച്ചിരിക്കും” – ഇതായിരുന്നു അതിലെ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ..

പ്രസവത്തോടെ അമ്മ മരിച്ചു പോയ ഒരു കുട്ടിയുടെ കഥ. അമ്മയെ കൊന്നതു് താനാണു് എന്നൊരു തോന്നല്‍ അവനില്‍ മുളക്കുന്നു.. അവന്റെ ചുറ്റും നടക്കുന്ന കുഞ്ഞു കാര്യങ്ങളും, അവന്റെ പേടിയും ഒക്കെത്തന്നെ ഇതിവൃത്തം.

ഇനി മുതല്‍ വലപ്പോഴും ഒക്കെ ജര്‍മ്മന്‍ സിനിമകള്‍ക്കും പോകണം. നല്ല നല്ല സിനിമകള്‍ ഉണ്ട്. ആര്‍ട്ടും അല്ല കൊമേര്‍ഷ്യലും അല്ല എന്ന തരത്തിലുള്ള ഡീസന്റ് സിനിമകള്‍.

കൂടെ പോകാന്‍ മാത്രം അരും ഇല്ല. :( ;)

എന്നാലിനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു. രാത്രി യാത്രയില്ല.

സ്നേഹാദരങ്ങളോടെ, ഞാന്‍.