സ്വന്തം സ്ഥലം… തോന്നിയ പോലെ കൃഷി. :)

ദാ ഞാനിനി മുതൽ ഇവിടെയാണെഴുതുന്നതു്.

സ്വന്തമായൊരിത്തിരി സ്ഥലം ബൂലോകത്തു് (ഇന്റർനെറ്റിലും) വേണമെന്നു വിചാരിച്ചിട്ടു് നാളേറെയായി. ഇത്രയും നാൾ ബ്ലോഗ്സ്പോട്ടിൽ വാടകക്കു് കഴിയുകയായിരുന്നല്ലോ.

ഇപ്പൊ ദാ അങ്ങനെ സ്വന്തം സ്ഥലമായി.. എന്തു കൃഷിയും ചെയാം.. ചോദിക്കാനും പറയാനും ആരുമില്ല. സന്തോഷം.

ഇവിടെ വസന്തം വരുന്നു… രാവിലെ ഓഫീസിലേക്കു് സൈക്കിളിൽ പോകുമ്പോൾ പല പല കിളികളുടെ ശബ്ദം കേൾക്കാം..

ഈ കിളികളൊക്കെ എവിടെ പോയി ഒളിച്ചിരിക്ക്യായിരുന്നു ഇക്കഴിഞ്ഞ കൊടിയ മഞ്ഞുകാലത്തു്? എന്തായാലും കിളിനാദം കേൾക്കാൻ സുഖം.

പൂക്കളുടെ ഫോട്ടോ ഒന്നും എടുത്തിട്ടില്ല ഇതു വരെ… എടുത്തതിനു് ശേഷം പോസ്റ്റാം…

സ്നേഹാദരങ്ങളോടെ,
ഞാൻ.

എന്നെ അറിയുന്നവർ

ഞാൻ ഇവിടെ (ഇവിടെ മാത്രല്ല.. എവിടെയെങ്കിലും തന്നെ) എഴുതിയിട്ടു് കാലങ്ങളായി.

എന്നിട്ടും ഇന്ന് ഒരു സഹബ്ലോഗ്ഗർ “കരിങ്കല്ലല്ലേ?” എന്നു് ചോദിച്ചാണ് എന്നെ മനസ്സിലാക്കിയതു്.

എന്നെ ഇനിയും ഓർമ്മയുള്ളവർ!
എനിക്കും ഒരു ബ്ലോഗ്ഗർ അഡ്രസ്സ് ഉണ്ടല്ലോ. സന്തോഷം.
എന്നാലിനി ആ അഡ്രസ് കളയാതെ നോക്കണം…. കാത്തിരിക്കുക.

സസ്നേഹം,
കരിങ്കല്ലു്.

കേരളയിലോ കേരളത്തിലോ?

image

പുള്ളിക്കു് കർണാടകയിൽ തന്നെ ജനിക്കണമെന്നു പറയുന്ന പത്രക്കാർ, കേരളയിൽ മഴ പെയ്യുന്നു എന്നും എഴുതില്ലേ?.

(കേരളത്തിലല്ലേ മഴ പെയ്യേണ്ടതു്… കേരളയിൽ “റെയിനും”)

ആരോടാ ചോദിക്കുന്നതു്?

കല്ല്.

ആർക്കു ആരു്‌ കൊടുക്കണം?

ഒറ്റനോട്ടത്തിൽ എനിക്കു്‌ വലിയ സംശയം ഒന്നും തോന്നിയില്ല…
ആലോചിക്കും തോറും ചെറിയ കൺഫ്യൂഷ്യസ്..

ആർക്കു ആരു്‌

സച്ചിനു്‌ നമ്മൾ സമ്മാനിക്കണോ? 
അതോ സച്ചിൻ നമുക്ക്‌ തരണോ?

ക്ളിയറായി പറയൂ ഹർഭജാ (പത്രക്കാരൻ പറ്റിച്ചതാവാനും മതി (കേരളകൗമുദി))

സസ്നേഹം,
കരിങ്കല്ല്.

അച്ഛനും ശബരിമലയും

അച്ഛനുണ്ടായിരുന്നെങ്കിൽ, ഒരുപാടു് നേരം ചർച്ചിക്കുമായിരുന്നേനെ ഞാനും അച്ഛനും ഈ ശബരിമല അപകടത്തെപ്പറ്റി – അമ്മക്കു് ദേഷ്യം വരുന്നതു് വരെയും അതു് കഴിഞ്ഞും.

പല ദിവസങ്ങളിലും/സമയത്തും മിസ്സ് ചെയ്യുന്നു…. ഒരുപാടു്. കാലത്തിനു മായ്ക്കാൻ പറ്റില്ല എന്നു പോലും തോന്നുന്നു… :(

ഞാനുറങ്ങാൻ പോട്ടെ,

സന്ദീപ്.

അച്ഛൻ..

എത്രയോ നാളായി ഇവിടെ എഴുതിയിട്ടു്.. എഴുതാൻ തോന്നാതെയല്ല.. എഴുതാനില്ലാതെയുമല്ല… പക്ഷേ, എന്തുകൊണ്ടൊ, സാധിക്കുന്നില്ലായിരുന്നു.

അച്ഛന്റെ വേർപാടിനു ശേഷം, ഒരു പാടു കാര്യങ്ങൾ മാറി.. പുറമേക്കു അധികം കാണില്ലായിരിക്കാം, എന്നാലും ഉള്ളിന്റെയുള്ളിൽ എല്ലാം കുഴഞ്ഞു മറിഞ്ഞു.

ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നൊരു ഫോൺ വന്നു.. അച്ഛനു അപകടം പറ്റിയെന്നു പറഞ്ഞു.. 20 മണിക്കൂറിനുള്ളിൽ പറന്നെത്താൻ കഴിഞ്ഞതു തന്നെ വലിയ കാര്യം…

എത്തിയിട്ടു് അച്ഛനു വേണ്ടി ഒന്നും ചെയ്യാനുണ്ടായിട്ടല്ല… – ഐസിയുവിലല്ലേ..! :(

എന്നാലും അമ്മക്കും അനിയത്തിക്കും ഒരു ആശ്വാ‍സം… ഒന്നുമില്ലെങ്കിലും ഞാൻ കരിങ്കല്ലല്ലേ… പെട്ടെന്നൊന്നും ഷോക്കാവാൻ പാടില്ലല്ലോ.

പിന്നെ ഒരാഴ്ച : പ്രതീക്ഷയും, അതിന്റെ തകർച്ചയും..

ഇവിടുന്നു നാട്ടിലേക്കുള്ള വിമാനത്തിൽ ഇരിക്കുമ്പോൾ വിചാരിച്ചിരുന്നു … അച്ഛനെ തിരിച്ചു കിട്ടുന്നെങ്കിൽ മുഴുവനായും വേണം എന്നു്. അച്ഛനെ ഒരു പകുതി മനുഷ്യനായി കാണാൻ സാധിക്കില്ലായിരുന്നു.

ആശുപത്രിയിൽ വെച്ചു പലരും പറഞ്ഞു – ദൈവം സഹായിച്ചു്, ഇത്രക്കല്ലേ പറ്റിയുള്ളൂ എന്നു്. തലച്ചോറിനു ക്ഷതം സംഭവിച്ചതിനെയും “ഇത്രക്കല്ലേ പറ്റിയുള്ളൂ” എന്നു പറയുന്നതു കേട്ടപ്പോൾ – “ഈ സഹായിച്ച ദൈവത്തിനു ഒരു 5 മിനുട്ടു് നേരത്തെ സഹായിക്കാമായിരുന്നില്ലേ” എന്നു ചോദിക്കാൻ തോന്നി.

സഹായം പോലും!

അച്ഛൻ മരിച്ചപ്പോഴും അവരൊക്കെ പറഞ്ഞിരിക്കും – “കിടത്തി ബുദ്ധിമുട്ടിച്ചില്ലല്ലോ” എന്നു്. അതെ, പരമകാരുണ്യവാനായ ദൈവം.

എനിക്കു അച്ഛനെ നഷ്ടപ്പെട്ടതിനേക്കാൾ വിഷമം, അച്ഛനു ജീവിക്കാനാവുന്നില്ലല്ലോ എന്നാണു്. അന്നു രാവിലെ അച്ഛൻ എന്നെ വിളിച്ചു – “എടാ, എനിക്കു് മൊത്തത്തിൽ ബോറടിക്കുന്നു. ഞാൻ ഇനിയുള്ള കാലം മുഴുവൻ നിങ്ങളെയൊക്കെ വിട്ടു പിരിഞ്ഞു, വേറൊരു സ്ഥലത്തു പോയി ജീവിക്കാൻ പോണു”, എന്നു പറഞ്ഞിരുന്നെങ്കിൽ, ആവശ്യമുള്ള സാധനങ്ങളും എടുത്തു എവിടേക്കെങ്കിലും പോയിരുന്നെങ്കിൽ വിഷമമുണ്ടാവുമായിരുന്നു… എന്നാലും അച്ഛനിഷ്ടമുള്ള കാര്യത്തിനല്ലേ പോയിരിക്കുന്നതെന്നൊരു ആശ്വാസം ഉണ്ടാവുമായിരുന്നു.

ഇതിപ്പോ, അച്ഛന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ.. ഒന്നും ഇനി നടക്കില്ല. എത്രയോ പൂരങ്ങളും അഘോഷങ്ങളും വരും… അതിനൊന്നും പോവാൻ അച്ഛനു പറ്റില്ല.

അല്ല, ജീവിതം ഇങ്ങനെ തന്നെയാണു്.. അംഗീകരിച്ചേ കഴിയൂ.

(ഈശ്വരവിശ്വാസമുള്ളവർ അച്ഛൻ സ്വർഗ്ഗത്തിൽ പോയെന്നു കരുതി ആശ്വസിക്കുന്നു. ഈശ്വരനിലോ, സ്വർഗ്ഗത്തിലോ, ആത്മാവിലോ വിശ്വസിക്കാത്ത ഞാൻ അങ്ങനെ ആശ്വസിക്കാൻ നോക്കുന്നില്ല.. എസ്കേയ്പ്പിസം എനിക്കു വയ്യ)

അമ്മയേയും അനിയത്തിയേയും സമ്മതിക്കുക തന്നെ വേണം. ആർക്കും ചോദിക്കാനാവുന്നതിലും സ്ട്രോങ്ങായിരുന്നു രണ്ടു പേരും.

ആദ്യത്തെ 2-3 ആഴ്ചകളിൽ, വിഷമത്തേക്കാൾ കൂടുതൽ ദേഷ്യമായിരുന്നു … അരോടെന്നില്ലാത്തെ ദേഷ്യം. ഇവിടെ തിരിച്ചു വന്നതിനു ശേഷമാണു് ഞാൻ ശരിക്കൊന്നു കരഞ്ഞതു തന്നെ.

നിരീശ്വരവാദിയായിരുന്ന അച്ഛനു് ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ വിടപറഞ്ഞു. അമ്മയും അനിയത്തിയും അതേ അഭിപ്രായക്കാരായിരുന്നു.. പല ബന്ധുക്കൾക്കും ഇഷ്ടമായിക്കാണില്ല. ഞാൻ ശ്രദ്ധിക്കാൻ/വില-കല്പിക്കാൻ പോയില്ല.

എന്തായാലും ഞാൻ ബൂലോകത്തേക്കു തിരിച്ചു വരുന്നു… ഇനി മുതൽ ഇത്തിരികൂടി റെഗുലർ ആവാൻ നോക്കാം. :)

നൂറിൽ‌പ്പരം ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ദ ഷോ മസ്റ്റ് ഗോ ഓൺ … അല്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: എല്ലാം നല്ല പോലെ പോയാൽ അടുത്ത മാസം എനിക്കു ഡോക്ടറേറ്റു് കിട്ടും.. അച്ഛനുണ്ടായിരുന്നെങ്കിൽ…!!